
സൈനബിനെ ആഘോഷിക്കുന്ന യഥാസ്ഥിതിക ഇസ്ലാമിസ്റ്റുകൾ
ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ സിഡ്നിയിൽ, നടക്കുന്ന പ്രോ-പലസ്തീൻ റാലികൾക്കിടയിൽ സൈനബ് നിറഞ്ഞ സാന്നിധ്യമാണ്. ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തിനിടയിൽ അവളുടെ മുദ്രാവാക്യങ്ങൾ മാത്രം കേൾക്കാൻ കഴിയുന്നവിധം, അതിന്റെ തീവ്രത ലോകമെമ്പാടുമുള്ള പലസ്തീൻ അനുകൂലികളുടെ ശ്രദ്ധ നേടുന്നുണ്ട്. ധൈര്യം, ആർജവം, കരുത്ത് – ഇവയൊക്കെ സൈനബിന്റെ പ്രതിരൂപമായി അവർ കണക്കാക്കുന്നു.
എന്നാൽ, സ്വന്തം നാട്ടിൽ പൊതു വേദികളിൽ പെൺകുട്ടികൾക്ക് സ്ഥാനം കൊടുക്കാൻ പോലും തയ്യാറാകാത്ത ചിലരുടെ മനോഭാവത്തിലും, വിദേശത്തുള്ള ഒരു മുസ്ലിം പെൺകുട്ടിയുടെ രാഷ്ട്രീയ ധൈര്യത്തെ സ്തുതിച്ചു കൊണ്ടുള്ള അവരുടെ ആഘോഷത്തിലും വ്യക്തമായൊരു വിരോധാഭാസം നിലനിൽക്കുന്നു. പെൺകുട്ടികളുടെ ശബ്ദത്തെ നാട്ടിൽ അടിച്ചമർത്തി കൊണ്ടിരിക്കുമ്പോഴും, പുറത്തുള്ള സ്ത്രീയുടെ ശബ്ദം തങ്ങളുടേതായ രാഷ്ട്രീയ ചിന്താഗതിക്ക് അനുകൂലമാകുമ്പോൾ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇരട്ട മാനദണ്ഡമാണ് ഇത് വെളിപ്പെടുത്തുന്നത്.
നമ്മുടെ സമൂഹത്തിൽ വേരൂന്നിയ ഒരു വൈരുധ്യത്തെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഒരു വശത്ത്, പെൺകുട്ടികളെ പഠനത്തിൽ നിന്നും വിലക്കുകയും വിദ്യാഭ്യാസം അവർക്ക് ആവശ്യമില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ മറുവശത്ത്, നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ ലേഡീസ് ടീച്ചർമാരെയും സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങൾ നോക്കാൻ ലേഡീസ് ഡോക്ടർമാരെയും ആവശ്യപ്പെടുന്നു. ഈ നിലപാടിന്റെ യുക്തിയില്ലായ്മയും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പരിശോധിക്കേണ്ടതുണ്ട്.
ഇത്തരം സമീപനം വെറും വ്യക്തിപരമായ വൈരുദ്ധ്യങ്ങൾ മാത്രമല്ല, ദ്വീപിന്റെ മതസഹിഷ്ണുതയെയും ബഹുസ്വര സാംസ്‌കാരിക പാരമ്പര്യത്തെയും വെല്ലുവിളിക്കുന്നതുമാണ്. സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തം തടഞ്ഞുനിർത്തുന്നവർ, അന്താരാഷ്ട്ര വേദികളിൽ സ്ത്രീകളുടെ നേതൃപാടവത്തെ പുകഴ്ത്തുമ്പോൾ, അത് സുതാര്യമായ സ്ത്രീ വിരുദ്ധതയെ മറയ്ക്കുന്ന ഒരു കപട മുഖം മാത്രമാണ്.
ഈ വൈരുധ്യം സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
ഒന്നാമതായി, ആവശ്യത്തിന് വനിതാ ഡോക്ടർമാരെയും അധ്യാപകരെയും ലഭിക്കാതെ വരുന്നു. ഇത് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
രണ്ടാമതായി, സ്ത്രീകളുടെ കഴിവുകൾ, ബുദ്ധി, അവരുടെ സംഭാവനകൾ എന്നിവയെ സമൂഹം അവഗണിക്കുകയാണ്. ഇത് സ്ത്രീശാക്തീകരണത്തിന് തടസ്സമുണ്ടാക്കുകയും സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് വലിക്കുകയും ചെയ്യും.
മൂന്നാമതായി, വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള സാധ്യത കുറയുന്നു.
ഒരു വശത്ത് സ്ത്രീകൾ പ്രൊഫഷണൽ ആകണമെന്ന് ആഗ്രഹിക്കുകയും മറുവശത്ത് അവർക്ക് അതിനുള്ള അവസരങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഈ വൈരുധ്യം ഒരു സാമൂഹിക പ്രശ്നമാണ്. സമൂഹത്തിന്റെ യഥാർത്ഥ പുരോഗതിക്ക്, ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകേണ്ടത് അത്യാവശ്യമാണ്.