
സ്വന്തം മണ്ണിൽ അന്യരാക്കപ്പെടുന്ന ദ്വീപുവാസികൾ; അഗത്തിയിൽ ശക്തമായ പ്രതിഷേധം
ലക്ഷദ്വീപ് | അഗത്തി
ബംഗാരം, തിണ്ണക്കര ദ്വീപുകളിലേക്ക് സർവീസ് നടത്തിയിരുന്ന ബോട്ടുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അന്യായമായി പിടിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ദ്വീപുവാസികളുടെ സ്വതന്ത്ര സഞ്ചാരാവകാശത്തെയും ജീവിതോപാധികളെയും നേരിട്ട് ബാധിക്കുന്ന ഈ നടപടിക്കെതിരെ അഗത്തി ദ്വീപിൽ ഇന്ന് വൈകുന്നേരം വ്യാപക പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
“സ്വന്തം മണ്ണിൽ അന്യരാക്കപ്പെടുന്നവർക്ക് ഐക്യദാർഢ്യം” എന്ന മുദ്രാവാക്യമുയർത്തി എൻ.സി.പി (എസ്.പി) യുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബോട്ടുകൾ പിടിച്ചെടുക്കുന്ന നടപടി ജനപ്രതിനിധികളുടെ മൗനാനുവാദത്തോടെയാണെന്ന് മുൻ എംപി മുഹമ്മദ് ഫൈസൽ ആരോപിച്ചു, ഇത് ദ്വീപുവാസികളുടെ സ്വൈര്യജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തി. മണ്ണും മാനാഭിമാനവും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ അവസാന ശ്വാസം വരെ ദ്വീപ് ജനം ഒന്നിച്ചു നിൽക്കണം.
ബോട്ടുകൾ ഉടൻ വിട്ടുനൽകുക, ദ്വീപുകൾ തമ്മിലുള്ള യാത്രയിൽ നിയന്ത്രണങ്ങൾ പിൻവലിക്കുക, ദ്വീപുവാസികളുമായി ചർച്ച നടത്താതെ എടുത്ത എല്ലാ ഏകപക്ഷീയ തീരുമാനങ്ങളും റദ്ദാക്കുക.
“നമ്മുടെ മണ്ണ്, നമ്മുടെ അവകാശം” എന്ന മുദ്രാവാക്യത്തോടെ അഗത്തിയിലെ പ്രതിഷേധം സമാധാനപരമായി സമാപിച്ചെങ്കിലും, ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.