വടക്കാഞ്ചേരിയിലും മലമ്പുഴയിലും കുറ്റ്യാടിയിലും കള്ളവോട്ട്, മഞ്ചേശ്വരത്ത് മെഷീനില്‍ ക്രമക്കേട്
പാലക്കാട്: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ പോളിങ് പുരോഗമിക്കവെ കള്ളവോട്ട് നടന്നതായി പരാതി. വടക്കാഞ്ചേരി ഗവ. ഗേള്‍സ് സ്‌കൂളിലെ 49-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പാറപ്പറമ്പില്‍ സ്വദേശിയായ സജീവ് എന്ന വോട്ടറുടെ വോട്ടാണ് പോസ്റ്റല്‍ വോട്ടായി രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.
വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലെത്തിയപ്പോഴാണ് വോട്ട് നേരത്തെ തന്നെ പോസ്റ്റല്‍ ബാലറ്റായി രേഖപ്പെടുത്തിയെന്ന വിവരമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ബൂത്തില്‍ പ്രതിഷേധം ആരംഭിച്ചു.
മലമ്പുഴ പുതുപ്പരിയാരം ബൂത്ത് നമ്പര്‍ 60 ല്‍ കള്ള വോട്ട് നടന്നെന്ന് പരാതി, വിജയന്‍ എന്ന വയോധികന്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വോട്ട് ചെയ്‌തെന്ന് അധികൃതര്‍ പറയുന്നു. ‘വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ എന്റെ വോട്ട് വേറെ ഒരാള്‍ ചെയ്ത് പോയേക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയില്‍ കള്ളവോട്ട് ആരോപണം. 47-ാം ബൂത്തിലെ സീനത്ത് എന്ന വോട്ടര്‍ക്കാണ് ദുരനുഭവം. ഇവരുടെ പേരില്‍ പോസ്റ്റല്‍ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ബൂത്തില്‍ കയറിയപ്പോള്‍ നിങ്ങളുടെ വോട്ട് ചെയ്തിട്ടുണ്ടെന്നും മാറിനില്‍ക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും സീനത്ത് പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന് പരാതി. വോട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മെഷീനില്‍ രേഖപ്പെടുത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബഡാജെയിലെ 21-ാം നമ്പര്‍ ബൂത്തില്‍ പോളിങ് നിര്‍ത്തിവെച്ചു. പോളിങ് തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനിടെ യഥാര്‍ത്ഥത്തില്‍ വോട്ട് ചെയ്തതിനേക്കാള്‍ രണ്ട് വോട്ടുകള്‍ അധികമായി മെഷീനില്‍ രേഖപ്പെടുത്തിയതായിട്ടാണ് കണ്ടെത്തിയത്.